Monday, 6 April 2020

പ്രമുഖ സംഗീത സംവിധായകന്‍ എം.കെ അര്‍ജുനന്‍ മാസ്റ്റര്‍ അന്തരിച്ചുകൊച്ചി:(2020 April 06, www.samakalikamvartha.com) മലയാളത്തിലെ എക്കാലത്തേയും മികച്ച സംഗീത സംവിധായകരില്‍ ഒരാളായ എംകെ അര്‍ജുനന്‍ അന്തരിച്ചു. 84 വയസായിരുന്നു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് കൊച്ചി പള്ളുരുത്തിയിലെ വീട്ടില്‍ പുലര്‍ച്ചെ മൂന്നരക്ക് ആയിരുന്നു അന്ത്യം.
ഉച്ചയ്ക്ക് രണ്ട് മണിക്ക് ശേഷമായിരിക്കും സംസ്‌കാരം നടക്കുക. അതിനിടെ കൊറോണ ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തില്‍ സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ കടുത്ത നിയന്ത്രണങ്ങളുണ്ട്. 
മലയാളികളുടെ സ്വന്തം അര്‍ജുനന്‍ മാസ്റ്റര്‍ ഇരുനൂറിലധികം സിനിമകളിലായി അറുനൂറിലധികം ഗാനങ്ങള്‍ ഒരുക്കിട്ടുണ്ട്. നാടക ഗാനങ്ങളിലൂടെയാണ് അദ്ദേഹം ശ്രദ്ധേയനാകുന്നത്. തുടര്‍ന്ന് 1968 ല്‍ കറുത്ത പൗര്‍ണി എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമ ലോകത്തേക്ക് ചുവടുവെക്കുന്നത്. 5 പതിറ്റാണ്ട് നീണ്ടുകിടക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ സംഗീത യാത്ര.
2017 ല്‍ മികച്ച സംവിധായകനുള്ള സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരം ലഭിച്ചിരുന്നു. ജയരാജ് സംവിധാനം ചെയ്ത ഭയാനകം എന്ന ചിത്രത്തിലെ എന്നെ നോക്കി എന്ന ഗാനമാണ് പുരസ്‌കാരത്തിന് അര്‍ഹമായത്. യേശുദാസിന്റെ ശബ്ദം ആദ്യമായി റെക്കോര്‍ഡ് ചെയ്തത് അര്‍ജുനന്‍ മാസ്റ്ററായിരുന്നു. കൂടാതെ എ ആര്‍ റഹ്മാന്റെ സിനിമാ മേഖലയിലേക്കുള്ള അരങ്ങേറ്റവും അര്‍ജുനന്‍ മാസ്റ്റര്‍ വഴിയായിരുന്നു. മലയാളികള്‍ എന്നും മനസില്‍ സൂക്ഷിക്കാന്‍ നിരവധി ഗാനങ്ങള്‍ സമ്മാനിച്ചാണ് അദ്ദേഹത്തിന്റെ മടക്കം. അര്‍ജ്ജുനന്‍ മാസ്റ്റര്‍ എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന അദ്ദേഹം നൂറ്റിയമ്പതോളം മലയാളചലച്ചിത്രങ്ങള്‍ക്കും നിരവധി നാടകങ്ങള്‍ക്കും ആല്‍ബങ്ങള്‍ക്കും സംഗീതസംവിധാനം നിര്‍വ്വഹിച്ചിട്ടുണ്ട്. മാനത്തിന്‍ മുറ്റത്ത്, ഹൃദയമുരുകി നീ, പൗര്‍ണ്ണമിച്ചന്ദ്രിക തൊട്ടുവിളിച്ചു, യദുകുല രതിദേവനെവിടെ, നിന്‍ മണിയറയിലെ, പാലരുവിക്കരയില്‍, കസ്തൂരി മണക്കുന്നല്ലോ, ചന്ദ്രോദയം കണ്ട്, ചെട്ടികുളങ്ങര ഭരണിനാളില്‍, ആയിരം അജന്താശില്പങ്ങളില്‍, രവിവര്‍മ്മച്ചിത്രത്തിന്‍ രതിഭാവമേ തുടങ്ങി നിരവധി ഹിറ്റ് ഗാനങ്ങള്‍ അദ്ദേഹത്തിന്റേതായുണ്ട്. ഇവയില്‍ ഭൂരിപക്ഷവും മലയാളികളുടെ മനസ്സില്‍ നിറഞ്ഞുനില്‍ക്കുന്നവയാണ്.
1936 ഓഗസ്റ്റ് 25 ന് ഫോര്‍ട്ടുകൊച്ചിയിലെ ചിരട്ടപ്പാലത്ത് കൊച്ചുകുഞ്ഞിന്റെയും പാറുവിന്റെയും പതിനാലു മക്കളില്‍ ഏറ്റവും ഇളയവനായി അര്‍ജ്ജുനന്‍ ജനിച്ചു. പതിനാലുപേര്‍ ജനിച്ചെങ്കിലും രണ്ട് പെണ്‍കുട്ടികളും രണ്ട് ആണ്‍കുട്ടികളുമടങ്ങുന്ന നാലുപേര്‍ മാത്രമാണ് ബാക്കിയായത്. അവരില്‍ ഇന്ന് ബാക്കിയുള്ളത് അര്‍ജ്ജുനന്‍ മാത്രമാണ്. ആസ്പിന്‍വാള്‍ കമ്പനിയിലെ ജീവനക്കാരനായിരുന്ന അച്ഛന്‍ മരിക്കുമ്പോള്‍ കുറെ ജീവിതപ്രാരാംബ്ദങ്ങള്‍ മാത്രമായിരുന്നു കുടുംബത്തിന്റെ സമ്പാദ്യം. അന്ന് അര്‍ജ്ജുനന് പ്രായം ആറുമാസം മാത്രം. മക്കളെ പോറ്റാന്‍ പകലന്തിയോളം പണിയെടുക്കുന്ന അമ്മയ്ക്കു താങ്ങാകാന്‍ രണ്ടാം ക്ലാസ്സില്‍ അര്‍ജ്ജുനന്‍ പഠനം നിര്‍ത്തി. പലഹാരമുണ്ടാക്കി കൊണ്ടുനടന്നു വിറ്റ് തന്റെയും സഹോദരങ്ങളുടെയും വിശപ്പടക്കാന്‍ പാടുപെട്ടു. വീടുകളില്‍ ജോലിക്കു നിന്നും, ചുമട് എടുത്തും, കൂലിപ്പണി ചെയ്തുമാണ് ജീവിതം മുന്‍പോട്ടു നീക്കിയത്.
അന്ന് ഫോര്‍ട്ട് കൊച്ചിയിലുണ്ടായിരുന്ന രാമന്‍വൈദ്യന്‍ എന്നൊരു സാമൂഹികപ്രവര്‍ത്തകനാണ് ഈ ദുരിതങ്ങളില്‍ നിന്നു എം.കെ. അര്‍ജ്ജുനനെ രക്ഷിച്ചത്. പഴനിയിലെ ഒരു ആശ്രമത്തിന്റെ അനാഥാലയത്തിലേക്ക് അര്‍ജ്ജുനനെയും ജ്യേഷ്ഠന്‍ പ്രഭാരകരനെയും രാമന്‍വൈദ്യനാണ് കൊണ്ടുപോയത്. രണ്ടുപേരെങ്കിലും പട്ടിണിയില്‍ നിന്നു രക്ഷപ്പെടുമല്ലോ എന്നു കരുതി അമ്മ കണ്ണീരോടെ ആ മക്കളെ യാത്രയാക്കി.നാരായണസ്വാമി എന്നൊരാളായിരുന്നു ആശ്രമത്തിന്റെ അധിപന്‍. ആശ്രമത്തില്‍ എല്ലാ ദിവസവും ഭജനയുണ്ട്. അര്‍ജ്ജുനനും പ്രഭാകരനും അതില്‍ എന്നും പങ്കുചേരുമായിരുന്നു. കുട്ടികളുടെ സംഗീതവാസന മനസ്സിലാക്കിയ നാരായണസ്വാമി അവര്‍ക്കുവേണ്ടി ഒരു സംഗീതാധ്യാപകനെ ഏര്‍പ്പാടാക്കി. അങ്ങനെ ഏഴു വര്‍ഷം. ആശ്രമത്തില്‍ അന്തേവാസികള്‍ കൂടുതലായതോടെ ഇരുവര്‍ക്കും ഫോര്‍ട്ടുകൊച്ചിയിലേക്കു മടങ്ങേണ്ടി വന്നു. വീണ്ടും കുടുംബഭാരം. സംഗീതകച്ചേരികള്‍ നടത്തിയും കൂലിവേല ചെയ്തും ഒരു വിധത്തില്‍ മുന്നോട്ടു നീങ്ങി. ഇടയ്ക്കു ഒരു സായിപ്പിന്റെ ബംഗ്ലാവില്‍ കാവല്‍ക്കാരനായും ജോലി ചെയ്തു. സംഗീതപഠനം തുടരണമെന്നു മോഹമുണ്ടായിരുന്നെങ്കിലും സാമ്പത്തിക ബുദ്ധിമുട്ടുകള്‍ മൂലം അതിനു കഴിഞ്ഞില്ല. എങ്കിലും പല ഗുരുക്കന്‍മാരുടെ കീഴിലായി തബലയും വായ്പ്പാട്ടും ഹാര്‍ണമോണിയവും അഭ്യസിച്ചു. ഹാര്‍മോണിയം വായന പിന്നീട് തൊഴിലാക്കി മാറ്റി. കൊച്ചുനാടക ട്രൂപ്പുകള്‍ക്കു വേണ്ടിയായിരുന്നു തുടക്കം. കോഴിക്കോട് നിന്നുള്ള 'കലാകൗമുദി ട്രൂപ്പുകാര്‍ ഒരു നാടകത്തിനു ഈണം പകരാന്‍ ക്ഷണിച്ചതോടെയാണ് പുതിയൊരു ജീവിതത്തിനു തുടക്കമാകുന്നത്. 'തമ്മിലടിച്ച തമ്പുരാക്കള്‍.... എന്ന ഗാനത്തിനാണ് ആദ്യമായി ഈ!ണം പകര്‍ന്നത്. ഈ! ഗാനം വിജയിച്ചതോടെ കൂടുതല്‍ അവസരങ്ങളായി. നിരവധി നാടകങ്ങള്‍ക്ക് ഈണം പകര്‍ന്നു. ഇതിനിടയ്ക്കു എം.കെ. അര്‍ജ്ജുനന്‍ തന്റെ ജീവിതപങ്കാളിയെയും കണ്ടെത്തി. 1964ല്‍ ആയിരുന്നു വിവാഹം. ഭാര്യ ഭാരതി. അഞ്ചുമക്കളുണ്ട്. ദേവരാജന്‍ മാസ്റ്ററുമായി പരിചയപ്പെട്ടതാണ് സിനിമയില്‍ അര്‍ജ്ജുനന്‍മാസ്റ്റര്‍ക്ക് അവസരമൊരുക്കിയത്. ദേവരാജന്‍ മാഷിനു വേണ്ടി നിരവധി ഗാങ്ങള്‍ക്ക് അദ്ദേഹം ഹാര്‍മോണിയം വായിച്ചു. 1968ല്‍ 'കറുത്ത പൗര്‍ണമി എന്ന ചിത്രത്തിലെ അഞ്ചു ഗാനങ്ങളിലൂടെ മലയാള സിനിമാ സംഗീതലോകത്ത് തന്റെ പേര് എഴുതിച്ചേര്‍ക്കാന്‍ അര്‍ജ്ജുനന്‍മാസ്റ്റര്‍ക്കു കഴിഞ്ഞു. തന്റെ ജീവിതം പകര്‍ത്തിയെഴുതിയ പോലെ പി. ഭാസ്‌കരന്‍ പാട്ടെഴുതി കൊടുത്തപ്പോള്‍ ഹൃദയമുരുകി എം.കെ. അര്‍ജ്ജുനന്‍ ഈണം പകര്‍ന്നു.
'ഹൃദയമുരുകി നീ കരയില്ലെങ്കില്‍
കദനം നിറയുമൊരു കഥ പറയാം...
ആയിടയ്ക്കാണ് അര്‍ജ്ജുനന്‍ ശ്രീകുമാരന്‍ തമ്പിയുമായി പരിചയപ്പെടുന്നത്. ശ്രീകുമാരന്‍ തമ്പി ചിത്രമേള, വെളുത്തകത്രീന തുടങ്ങിയ ചിത്രങ്ങള്‍ക്കു ശേഷം ദേവരാജന്‍ മാഷുമായി സ്വല്‍പം അകന്നു നില്‍ക്കുന്ന സമയവുമായിരുന്നു. ഒരിക്കല്‍ എന്തോ പറഞ്ഞു ദേഷ്യത്തിന് ശ്രീകുമാരന്‍ തമ്പി ദേവരാജന്‍ മാഷിനോട് 'മാഷിനു സ്വന്തം സംഗീതത്തില്‍ വിശ്വാസമുള്ളതുപോലെ എനിക്ക് എന്റെ കഴിവിലും വിശ്വാസമുണ്ട്, എനിക്കൊരു പാട്ടു നന്നാക്കാന്‍ മാഷിന്റെ ഹാര്‍മോണിസ്റ്റു തന്നെ ധാരാളമാണ്' എന്നു പറയുകയുണ്ടായി. ഈ വാചകം അറം പറ്റിയതുപോലെയായി. പില്‍ക്കാലത്ത് എം കെ അര്‍ജ്ജുനനുമായി ചേര്‍ന്ന് നിരവധി അവിസ്മരണീയ ഗാനങ്ങള്‍ ശ്രീകുമാരന്‍ തമ്പി രചിച്ചു. എം കെ അര്‍ജ്ജുനന്‍ ഈണമിട്ട ഗാനങ്ങളില്‍ ഭൂരിപക്ഷവും രചിച്ചത് ശ്രീകുമാരന്‍ തമ്പിയായിരുന്നു. വയലാര്‍, പി. ഭാസ്‌കരന്‍, ഒ. എന്‍. വി. കുറുപ്പ് എന്നിവര്‍ക്കൊപ്പവും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. എല്ലാ ഗായകര്‍ക്കും അവസരം കൊടുത്തിട്ടുണ്ടെങ്കിലും കെ.ജെ. യേശുദാസ്, പി. ജയചന്ദ്രന്‍, വാണി ജയറാം എന്നിവരാണ് അദ്ദേഹത്തിന്റെ ഗാനങ്ങള്‍ അധികവും ആലപിച്ചത്.SHARE THIS

Author:

0 التعليقات: