അമ്മയാണ് വൈദ്യൻ,
അടുക്കളയാണ് ആശുപത്രി,
ആഹാരമാണ് മരുന്ന്,
അധ്വാനമാണ് ആരോഗ്യം.
കേരളത്തിൽ ഇന്ന് ജീവിക്കുന്ന തലമുറ മറന്നു പോയ അധിപ്രധാനമായ 4 കാര്യങ്ങളാണ് ഇവ.
ഒരു 30വർഷം പുറകോട്ടു പോയാൽ എത്ര ഹോട്ടലുകൾ ഉണ്ടായിരുന്നു കേരളത്തിലെ ഒരു പട്ടണത്തിൽ?
എത്ര ബേക്കറികൾ ഉണ്ടായിരുന്നു?
എത്ര പൊരിപ്പ് കടകളും,
ഫാസ്റ്റ് ഫുഡ് സെന്ററുകളും ഉണ്ടായിരുന്നു?
വിഷം ചേർത്ത മീനും,
ഹോർമോൺ കുത്തിവെച്ച കോഴിയും,
വിഷം തളിച്ച പച്ചക്കറിയും ഒരിക്കലും നമുക്ക് ചിന്തിക്കുവാൻ പോലും സാധിക്കുകയില്ലായിരുന്നു.
കിലോമീറ്ററുകൾ നടന്നു പോയി പഠിക്കുന്ന വിദ്യാർത്ഥികളും
ജോലി സ്ഥലത്തു സമയത്തിനെത്താനായി വെളുപ്പിനെ തന്നേ നടന്നു പോകുന്ന ആളുകളും അന്നത്തെ നിത്യ കാഴ്ച്ച ആയിരുന്നു.
ഒപ്പം നടന്നു ആരാധനാലയങ്ങളിൽ പോകുന്ന അനേകർ ഉണ്ടായിരുന്നു.
കൃഷി ചെയ്യാത്ത ഒരു വീടുപോലും ഇല്ലായിരുന്നു.
പ്ലാവ് , മാവ് , തെങ്ങ് , കുരുമുളക്, കശുമാവ്,കാപ്പി ഇവ തൊടിയിൽ ഇല്ലാത്ത വീടുകൾ വിരളമായിരുന്നു
ഇതൊക്കെ നട്ടു വളർത്തുമ്പോൾ അവരുടെ അധ്വാനം അവരറിയാതെ വ്യായാമം ആക്കുകയായിരുന്നു.
അതുമൂലം ജനിച്ചപ്പോൾ മുതൽ ഒരിക്കൽ പോലും ആശുപത്രിയിൽ പോകാത്ത അനേകർ ഉണ്ടായിരുന്നു ആക്കാലത്തു. അവരുടെ ആശുപത്രി വീട് തന്നെ ആയിരുന്നു.
വീട്ടിനുള്ളിൽ അടുക്കള ജോലികൾ ചെയ്യുന്നവർ അരയ്ക്കുകയും തൂക്കുകയും വെള്ളം കോരുകയും ഒക്കെ ചെയ്യുമ്പോൾ വ്യായാമം തനിയെ ആകുകയായിരുന്നു.
കുട്ടികൾ ചെടികൾ നടുമ്പോൾ അവർ വലിയ പാഠമാണ് പഠിച്ചിരുന്നത് തോൽക്കുവാനും തോറ്റാൽ തെറ്റ് തിരുത്തി ജയിക്കുവാനും എങ്ങനെയെന്നല്ലേ പറയാം
സസ്യങ്ങൾ നടുമ്പോൾ കൂടുതലും നശിച്ചുപോകുന്നു പക്ഷെ തളരാതെ പിന്നെയും നടുന്നു അതിൽ ചിലത് വളരുന്നു പൂക്കുന്നു കായ്ക്കുന്നു പിന്നെയും ചിലത് നശിക്കുന്നു ജയത്തിന്റെയും തോൽവിയുടെയും രുചി അവർ അറിയുന്നു താനാണ് രാജാവ് എന്ന ചിന്ത അവർക്ക് ഉണ്ടാകുന്നില്ല അതുകൊണ്ട് തന്നെ അധ്യയനത്തിൽ തോറ്റാൽ അവർക്ക് കൗൺസിലിംഗ് സെന്ററുകളെ ആശ്രയിക്കേണ്ടി വന്നില്ല മണ്ണ് കുട്ടിയുടെ കയ്യിൽ പറ്റുന്നത് ഇഷ്ടപ്പെടാത്ത മാതാപിതാക്കൾ മക്കളെ അവർ അറിയാതെ പ്രശ്ങ്ങളെ അഭിമുഖികരിച്ചു വിജയിപ്പിക്കുവാൻ കഴിവില്ലാത്തവർ ആക്കുകയാണോ എന്ന് ചിന്തിക്കുക
അതുപോലെ തന്നെ ഇന്ന് നമുക്കായി അധ്വാനിക്കാൻ യന്ത്രങ്ങളും വാഹനങ്ങളും വന്നു
പക്ഷെ ഈ മാറ്റങ്ങൾ നമുക്ക് സമ്മാനിച്ചത് എന്താണ് മരുന്ന് കൊണ്ട് മാറാത്ത കുറേ അസുഖങ്ങൾ
നമ്മൾ അതിന് ഒരു മനോഹരമായ പേരുകൊടുത്തു ജീവിത ശൈലീ രോഗങ്ങൾ
നാം അറിയാതെ നമ്മുടെ തെറ്റ് സമ്മതിക്കുന്നു എന്ന് സാരം
ആധുനികത വേണ്ട എന്നു പറയാൻ ഞാൻ ആളല്ല നമുക്ക് ഇതെല്ലാം അത്യാവശ്യമാണ് ഒപ്പം നമ്മൾ നഷ്ടപ്പെടുത്തിയ ആരോഗ്യം തിരികെ പിടിച്ചേ മതിയാകു.
മൾട്ടി സ്‌പെഷ്യലിറ്റി ആശുപത്രികൾ എന്തുകൊണ്ടാണ് കൂണ് പോലെ മുളയ്ക്കുന്നത് എന്ന് ചിന്തിക്കുമ്പോൾ മനസിലാകും നമ്മുടെയും തുടർന്നുള്ള തലമുറകളുടെയും പോക്ക് എത്ര അപകടത്തിലേക്ക് ആണെന്ന്
ഒപ്പം നാം അഭിമുഖീകരിക്കുന്ന മറ്റൊരു വലിയ പ്രശ്നമാണ് ശുദ്ധമായ ഓക്സിജന്റെ ലഭ്യതക്കുറവും അന്തരീക്ഷ മലിനികരണവും
ഇതിനെല്ലാം എന്താണ് ഒരു പോംവഴി ഒരു പഴമൊഴി ഓർമ്മ വരുന്നു ഉത്തരത്തിലേത് എടുക്കുകയും വേണം കക്ഷത്തിലേതു പോകുകയും അരുത് പറ്റുമോ? പറ്റും
എങ്ങനെ പറ്റും?
പ്രകൃതിയിലേക്ക് ഇറങ്ങി ചെല്ലുക എന്നതാണ് മാർഗ്ഗം
വാഹനം ഉപയോഗിക്കുമ്പോൾ ലക്ഷ്യ സ്ഥാനത്തിന് 500മീറ്റർ മാറി വാഹനം പാർക്ക് ചെയ്തു നടന്നു പോകുകയും വരികയും ചെയ്യുക കഴിവുള്ളിടത്തോളം
അതുപോലെ ഉള്ള സ്ഥലത്തു ഫലവൃക്ഷങ്ങളും പൂച്ചെടികളും വച്ച് പിടിപ്പിക്കുകയും പരിപാലിക്കുകയും ചെയ്യുമ്പോൾ നമ്മൾ അറിയാതെ നമുക്ക് വേണ്ടുന്ന വ്യായാമം ലഭിക്കുന്നു ഒപ്പം വിഷമില്ലാത്ത ഭക്ഷണവും ശുദ്ധമായ ഓക്സിജനും ലഭിക്കുന്നു
ഇതിനൊപ്പം നമ്മൾ നട്ടു നനച്ച സസ്യങ്ങൾ വളരുകയും പൂക്കുകയും കായ്ക്കുകയും ചെയ്യുമ്പോൾ ഉണ്ടാകുന്ന മാനസിക സന്തോഷം എത്ര വലുതാണ് ഏത് പ്രതിബന്ധങ്ങളും ഏറ്റെടുത്തു വിജയിപ്പിക്കുവാൻ മുൻ തലമുറയ്ക്ക് ധൈര്യം ഉണ്ടായത് ചെറുപ്പത്തിലേ അവർ പ്രകൃതിയോട് പോരാടി വിജയിച്ച ആത്മ വീര്യം കൊണ്ടാണ് ഇന്നത്തെ തലമുറക്ക് അത് വഴിയിൽ എവിടെയോ നഷ്ടപ്പെട്ടിരിക്കുന്നു.
ചെടികളെ സ്നേഹിക്കുന്നവർ പൊതുവെ സ്വന്തം കുടുംബത്തെയും സഹജീവികളെയും കരുതുകയും സ്നേഹിക്കുകയും ചെയ്യുന്നവർ ആകുന്നു എന്നുള്ളത് ഒരു യഥാർഥ്യമാണ് .
എന്ന് മുതലാണ് വൃദ്ധസധനങ്ങളും അനാഥലയങ്ങളും സമൂഹത്തിൽ ഇത്ര വർധിച്ചത് എന്നു ചിന്തിച്ചാൽ നമുക്ക് ഇതിന് ഉത്തരം കിട്ടും.
നാം തനിയെ ഏറ്റവും ശുദ്ധമായി ഉണ്ടാക്കിയെടുത്ത ഉൽപ്പന്നങ്ങൾ വേണ്ട ചേരുവകൾ ചേർത്തു അമ്മ അടുക്കളയിൽ പാകം ചെയ്തു തരുമ്പോൾ നമുക്ക് ആശുപത്രിയും വൈദ്യനും വേറെ ആവശ്യമില്ല