.
വൈകി വന്ന അപ്രിയ സത്യങ്ങൾ
ഷാജഹാൻ തൃക്കരിപ്പൂർ
ജസ്റ്റിസ് ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്ത് വന്നു.
പല കൊമ്പന്മാരും തല കുത്തി വീഴുമെന്നുറപ്പായി.
പക്ഷെ, സിനിമാ മേഖലയിൽ ഇത് ഇന്ന് തുടങ്ങിയതാണോ ? ഈ മേഖലയുമായി ബന്ധപ്പെട്ട എല്ലാവർക്കും നന്നായി അറിയാവുന്ന കാര്യങ്ങളല്ലേ ഇതൊക്കെ.
എല്ലാവരും എല്ലാം അറിഞ്ഞ് കൊണ്ട് തന്നെയല്ലേ, ഈ മേഖലയിൽ പ്രവർത്തിച്ച് പണവും പ്രശസ്തിയും നേടിയത്.
കറച്ച് വർഷങ്ങൾക്ക് മുമ്പ്, ഒരു സിനിമയിൽ മാത്രം നായികവേഷം ചെയ്ത ചഞ്ചൽ എന്ന നടിയോട്, സിനിമയിൽ തുടരാത്തതെന്തേ, എന്ന ചോദ്യത്തിന്, കിടക്ക പങ്കിട്ടിട്ട് എനിക്കങ്ങനെ നായികയാകേണ്ട എന്ന് വ്യക്തമായി പറഞ്ഞിരുന്നു.
എന്നിട്ട്, ഒരു സൂപ്പർ താര നടികളും അതിനെക്കുറിച്ച് പ്രതികരിക്കുക പോലുമുണ്ടായില്ലല്ലോ.
സിനിമയിൽ നായികയാകണമെങ്കിൽ, അഡ്ജസ്റ്റ്മെന്റിന് തയ്യാറാകണം, എന്ന നിബന്ധന കാലാകാലങ്ങളായി അനുവർത്തിച്ച് വന്ന സമ്പ്രദായമല്ലേ ?
നായികയായിക്കഴിഞ്ഞാൽ പിന്നെ കൈവരുന്ന സമ്പത്തും സൗഭാഗ്യങ്ങളും പ്രശസ്തിയും സുഖ സൗകര്യങ്ങളും ഒക്കെ മനസ്സിലാക്കി, അഭിനയ മോഹവുമായി വരുന്നവർ, ഇതിന് ഒരു മടിയും കൂടാതെ സമ്മതിക്കുന്നു, എന്ന കാര്യം പകൽ പോലെ വാസ്തവവുമാണ്.
ഇപ്പോൾ, സിനിമ ജനകീയമായി തുടങ്ങിയതിനാൽ, ഇതിന് ചെറിയ രീതിയിൽ മാറ്റങ്ങൾ വന്നിട്ടുണ്ട്, എന്ന കാര്യം എടുത്ത് പറയേണ്ടതാണ്.
ചെറിയ ബഡ്ജറ്റിൽ പുതിയ അഭിനേതാക്കളെ വെച്ച്, നമ്മുടെ പ്രദേശങ്ങളിൽ വെച്ച് ചിത്രീകരിക്കുന്ന സിനിമകൾ ഇതിൽ നിന്നൊക്കെ ഏറെ വ്യത്യസ്തമാണ്.
മുഖ്യധാരാ സിനിമകൾ എന്ന ഓമനപ്പേരിലറിയപ്പെടുന്ന ബിഗ് ബഡ്ജറ്റ് സിനിമകളുടെ വക്താക്കളാണ്, ഇത്തരം നെറികേടുകളുടെ തമ്പുരാക്കന്മാർ.
പിന്നെ, മദ്യം ഇവർക്ക് ഒഴിച്ച് കൂടാനാകാത്ത ഒരു പുണ്യ വസ്തു തന്നെയല്ലേ ?
പ്രൊഡക്ഷൻ ബോയ് മുതൽ ഡയരക്ടർക്ക് വരെ ഇത് നിർബന്ധമാണ്.
മയക്ക്മരുന്നുകളുടെ ഉപയോഗവും ഈ മേഖലയിൽ ഒട്ടും കുറവല്ല.
തിരക്കഥാ രചയിതാവിന് സംഭാഷണങ്ങളും സീനുകളും ഉരുത്തിരിഞ്ഞ് വരണമെങ്കിൽ മദ്യം നിർബന്ധം. സംവിധായകന് ഐഡിയ ഉണ്ടാകണമെങ്കിൽ, അത് പോലെ അസോസിയേറ്റ്സ് കൾക്ക് , ചിലപ്പോൾ അഭിനേതാക്കൾക്ക് പോലും കഴിവുകൾ പുറത്ത് വരണമെങ്കിൽ മദ്യസേവ അത്യന്താപേക്ഷിതം തന്നെ.
പിന്നെ, ഈ മേഖലയിലുള്ളത് പോലെ ജന്മിത്വവും പ്രാമാണിത്വവും ഇന്ന് മറ്റേത് മേഖലയിലും ഉണ്ടെന്ന് തോന്നുന്നില്ല.
ആ കാര്യത്തിൽ, സ്ത്രീ - പുരുഷ വ്യത്യാസമുണ്ടെന്ന് തോന്നുന്നില്ല.
നായകനായാലും നായികയായാലും മറ്റ് പ്രഗത്ഭ നടീ - നടന്മാരായാലും, അവർക്ക് കുട പിടിച്ച് കൊടുക്കാനും, മുഖവും കൈയും തുടച്ച് കൊടുക്കാനും, ഇരിക്കാൻ തോന്നുമ്പോൾ ഉടനെ കസേര വെച്ച് കൊടുക്കാനും, പാദസേവകൾ ചെയ്യാനും ഒരു വിഭാഗം അടിമകളെപ്പോലെ, എന്നും ഉണ്ടാകും.
ഭക്ഷണം കഴിച്ച് കൈ കഴുകി, കൈ തുടക്കാനുളള തുണി കൊടുക്കാൻ അല്പം വൈകിയാൽ, ഈ യജമാനന്മാരുടെ അസഭ്യങ്ങൾ കേൾക്കേണ്ടിവരും.
അത് പോലെ തന്നെ ജൂനിയർ ആർടിസ്റ്റുകൾ അനുഭവിക്കേണ്ടി വരുന്ന വിവേചനങ്ങൾ.
നായകനും നായികയ്ക്കും സംവിധായകനും പ്രൊഡ്യൂസറുടെ ആൾക്കാർക്കും വിഭവസമൃദ്ധമായ, അവർ ആവശ്യപ്പെടുന്ന രീതിയിലുള്ള ഭക്ഷണം നല്ല എ.സി, ഡീലക്സ് റൂമുകളിൽ കൊണ്ട് പോയി കൊടുക്കുമ്പോൾ, ഏറ്റവും കൂടുതൽ സിനിമയ്ക്ക് വേണ്ടി അദ്ധ്വാനിക്കുന്ന ജൂനിയർ ആർട്ടിസ്റ്റുകൾ പാത്രവുമായി ക്യൂ നിന്ന്, കിട്ടുന്ന ഭക്ഷണം എവിടെയെങ്കിലും റോഡരികിലോ, ഫുട്പാത്തിലോ നിന്ന് തിന്നണം.
രാവിലെ 6 മണി മുതൽ, ചിലപ്പോൾ പാതിര വരെ പണിയെടുക്കേണ്ടുന്ന ഇവർക്ക് കൂലിയായി കിട്ടുന്നതോ അഞ്ഞൂറോ അറുന്നൂറോ രൂപ.
തന്നെക്കാൾ പ്രായമായവരായ ജൂനിയർ ആർടിസ്റ്റുമാരോട്, സംവിധായകനും അസോസിയേറ്റ്സും അസിസ്റ്റൻസുമാരും പ്രൊഡക്ഷൻ എക്സിക്യൂട്ടിവ്മാരും വളരെയധികം മോശമായ രീതിയിലാണ് പെരുമാറുന്നത്.
ഈ പാവങ്ങൾ, തമ്പ്രാക്കന്മാരുടെയും അനുചരന്മാരുടെയും പരസ്പര വിരുദ്ധമായ ആജ്ഞകൾ അടിമകളെപ്പോലെ അനുസരിച്ച് അങ്ങോട്ടുമിങ്ങോട്ടും അലയാൻ വിധിക്കപ്പെട്ടവർ.
ഒരാൾ പറയും, കുറച്ച് മുമ്പോട്ട് നിക്കാൻ. അടുത്ത ആൾ പറയും പിറകോട്ട് നിൽക്കാൻ. പിന്നെ സംവിധായകന്റെ വകയായ ആക്രോശങ്ങളും.
ഒന്നും എതിർത്ത് പറയാനോ പ്രതികരിക്കാനോ ഈ പാവങ്ങൾ തുനിയാറില്ല.
ഒട്ടുമുക്കാൽ സിനിമക്കാർക്കും സ്വന്തമായി ഗുണ്ടാസംഘങ്ങൾ ഉണ്ടാകും. എന്ത് ചെയ്യാനും മടിയില്ലാത്ത അവർ, തമ്പുരാക്കന്മാരുടെ ആജ്ഞയും കാത്ത്, സെറ്റിൽ അങ്ങോട്ടുമിങ്ങോട്ടും വിലസുന്നുണ്ടാകും.
അതുകൊണ്ട് തന്നെ ജൂനിയർ ആർടിസ്റ്റുകൾ, അടിമകളെപ്പോലെ ഈ പ്രമാണിമാരുടെ പരിഹാസവാക്കുകളും അസഭ്യങ്ങളും സഹിച്ച് രാപ്പകൽ കഠിനാദ്ധ്വാനം ചെയ്യുന്നു.
നായികാ-നായകന്മാരുയോ, മറ്റ് പ്രഗത്ഭ നടീനടന്മാരുടെ യോ, അടുത്ത് പോകാനോ, ഒപ്പം ഇരിക്കാനോ ഈ അടിമ വർഗ്ഗങ്ങൾക്ക് ഒരിക്കലും അനുവാദമില്ല.
പിന്നെ, കമ്മീഷനിൽ പറഞ്ഞിട്ടില്ലാത്ത മറ്റൊരു കാര്യം. ( പൂർണ്ണമായി വായിച്ചിട്ടില്ല. )
ഏറ്റവും കൂടുതൽ അന്ധവിശ്വാസവും അനാചാരങ്ങളും കൊടികുത്തി വാഴുന്ന ഒരു മേഖല കൂടിയാണിത്.
ശാസ്ത്രബോധത്തിന്റെയും പുരോഗമന ചിന്താഗതിയുടെയും വക്താക്കൾ എന്ന് നമ്മൾ ധരിക്കുന്നവർ അണിയറ പ്രവർത്തകരായുള്ള സിനിമകൾ നിർമ്മിക്കുമ്പോൾ പോലും, ക്യാമറ മുമ്പിൽ വെച്ച് പൂജ നടത്താതെ ഏതെങ്കിലും സിനിമ തുടങ്ങാറുണ്ടോ. വിഘ്നേശ്വര പ്രീതിയ്ക്ക് വേണ്ടി തേങ്ങ എറിഞ്ഞുടക്കാതെ, ചിത്രീകരണം തുടങ്ങാനുള്ള ധൈര്യവും ചങ്കൂറ്റവുമുള്ള എത്ര സിനിമാ പ്രവർത്തകർ ഇന്നുണ്ട് ?
ഏതായാലും വൈകിയാണെങ്കിലും, പലരുടെയും പേര് വെളിപ്പെടുത്താതെയാണെങ്കിലും, ഈ മേഖലയിൽ നടമാടുന്ന നെറികേടുകൾ വെളിച്ചത്ത് കൊണ്ട് വരാൻ, ജസ്റ്റിസ് ഹേമ കമ്മീഷൻ റിപ്പോർട്ടിലൂടെ സാധിച്ചു എന്നുള്ളത് എന്തുകൊണ്ടും വളരെയേറെ അഭിനന്ദനാർഹമായ ഒരു നേട്ടമായി തന്നെ കാണാവുന്നതാണ്.
...............................................................
ഷാജഹാൻ തൃക്കരിപ്പൂര്