സായഹ്ന വാർത്ത
വീണ്ടും മണ്ണിടിച്ചില്‍; ചെര്‍ക്കള- ചട്ടഞ്ചാൽ റോഡിൽ ഗതാഗതത്തിന് താല്‍ക്കാലിക നിരോധനം
ചെര്‍ക്കള: ദേശീയപാതയില്‍ ചെര്‍ക്കളക്കും ചട്ടഞ്ചാലിനും ഇടയില്‍ വീണ്ടും മണ്ണിടിച്ചില്‍. ഇന്ന് രാവിലെയാണ് മണ്ണിടിച്ചിലുണ്ടായത്. ദേശീയപാത വികസനത്തിന്റെ ഭാഗമായി മണ്ണെടുപ്പ് നടത്തിയ കുണ്ടടുക്കം ഭാഗത്താണ് മണ്ണിടിഞ്ഞത്. ഇന്നലെ വൈകിട്ട് ഈ ഭാഗത്ത് വിള്ളല്‍ കാണപ്പെട്ടിരുന്നു.
അപകടഭീഷണി നിലനില്‍ക്കുന്നതിനാല്‍ ഇതുവഴിയുള്ള ഗതാഗതത്തിന് താല്‍ക്കാലികമായി നിരോധനം ഏര്‍പ്പെടുത്തി. ബസുകള്‍ അടക്കമുള്ള വാഹനങ്ങളെ ചന്ദ്രഗിരി പാലം, കോളിയടുക്കം, ദേളി വഴി തിരിച്ചുവിട്ടു.
ഇടിഞ്ഞുവീണ മണ്ണ് നീക്കം ചെയ്യുന്ന ജോലി നടന്നുവരികയാണ്.
പൂര്‍ണ്ണമായും നീക്കിയ ശേഷമേ ഗതാഗതം പുനസ്ഥാപിക്കു. കാലവര്‍ഷം ആരംഭിച്ചത് മുതല്‍ ചെര്‍ക്കളക്കും ചട്ടഞ്ചാലിനുമിടയില്‍ വിവിധ ഭാഗങ്ങളിലായി മണ്ണിടിയുകയാണ്. ഈ ഭാഗങ്ങളില്‍ ദേശീയപാത വികസനത്തിനായി കുന്നുകള്‍ ഇടിച്ചിട്ടുണ്ട്. കുന്നിന്‍മുകളിലും താഴെയുമായി താമസിക്കുന്ന കുടുംബങ്ങള്‍ ഇതുകാരണം അപകടഭീഷണി നേരിടുകയാണ്.
മൃതദേഹം കണ്ടെത്തിയത് ഷിരൂരിലല്ല, കുംട കടലിൽ, കൈയ്യിൽ വളയുണ്ട്, കാലിൽ വല കുടങ്ങിയിട്ടുണ്ട്: ഈശ്വർ മൽപെ
മംഗലാപുരം: ഷിരൂരിൽ ജീർണാവസ്ഥയിൽ മൃതദേഹം കണ്ടെത്തിയത് കടലിലാണെന്ന് ഈശ്വർ മൽപെ പറഞ്ഞു. ഒറ്റക്കാഴ്ചയിൽ സ്ഥിരീകരിക്കാൻ സാധിക്കാത്ത നിലയിൽ ജീർണിച്ച അവസ്ഥയിലാണ് മൃതദേഹം ഉള്ളത്. കാലിൽ വല കുടുങ്ങിയ നിലയിൽ പുരുഷ മൃതദേഹമാണെന്നും കൈയ്യിൽ വളയുണ്ടെന്നും ഈശ്വർ മൽപെ പറഞ്ഞു. മീൻ പിടിക്കാൻ പോയ മത്സ്യത്തൊഴിലാളികളാണ് മൃതദേഹം കണ്ടെത്തിയത്. വിവരം പിന്നീട് കരയിലേക്ക് കൈമാറിയെങ്കിലും ഇവർ മൃതദേഹം ബോട്ടിലേക്ക് മാറ്റിയില്ല.
പ്രദേശത്ത് നിന്ന് ദിവസങ്ങൾക്ക് മുൻപ് ഒഡിഷ സ്വദേശിയെയും കാണാതായിട്ടുണ്ട്. ഇദ്ദേഹത്തിന്റേതാണോ മൃതദേഹമെന്നത് കൈയ്യിലെ വള നോക്കിയാലേ സ്ഥിരീകരിക്കാനാവൂ. എന്നാൽ ഇത് അർജ്ജുൻ്റെ മൃതദേഹമാകാൻ നേരിയ സാധ്യതയാണ് ഉള്ളത്. ഇത് ആരുടേതാണെന്ന് ഡിഎൻഎ പരിശോധന നടത്തിയാലേ സ്ഥിരീകരിക്കാനാവൂ എന്ന് മഞ്ചേശ്വരം എംഎൽഎ എ.കെ.എം അഷ്റഫും പ്രതികരിച്ചു.
കടലിൽ 25 കിലോമീറ്റർ അകലെയാണ് മൃതദേഹം കണ്ടെത്തിയത്. ഇവിടേക്ക് പോകാൻ ഒന്നര മണിക്കൂർ സമയമെടുക്കുമെന്ന് ഈശ്വർ മൽപ്പെ അറിയിച്ചിട്ടുണ്ട്. മറ്റൊരു ബോട്ടിൽ അങ്ങോട്ട് പോകാനാണ് ഇദ്ദേഹത്തിൻ്റെ ആലോചന. എന്നാൽ മത്സ്യത്തൊഴിലാളികൾ കരയിലേക്ക് വരുമോയെന്നതിൽ പൊലീസുകാരുമായി ചർച്ച ചെയ്താവും തീരുമാനമുണ്ടാവുക.
വനമേഖലയിൽ തിരച്ചിൽനടത്തി കമാൻഡോകൾ: പോത്തുകല്ലിൽ ശരീരഭാഗങ്ങൾ കണ്ടെത്തി; മരണം 402 ആയി
കൽപറ്റ: പ്രത്യേക ദൗത്യസംഘവുമായുള്ള വ്യോമസേനയുടെ ഹെലികോപ്റ്റർ സൂചിപ്പാറ-പോത്തുകല്ല് ഭാഗത്തെ വനമേഖലയിലേക്ക് പുറപ്പെട്ടു. കോഴിക്കോട്ടുനിന്ന് കൽപറ്റയിലെ എസ്.കെ.എം.ജെ സ്കൂൾ ഗ്രണ്ടിൽ ലാൻഡ് ചെയ്ത ഹെലികോപ്റ്റർ, സേനാംഗങ്ങളുമായി 12 മണിയോടെയാണ് പറന്നുയർന്നത്. രാവിലെ ഒൻപതോടെ ദൗത്യം ആരംഭിക്കാനായിരുന്നു തീരുമാനമെങ്കിലും കാലാവസ്ഥ പ്രതികൂലമായതിനാൽ ഹെലികോപ്റ്ററിന് പ്രയാസമായതിനാലാണ് വൈകിയത്.
സ്പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പിലെ (എസ്.ഒ.ജി) വിദഗ്ധ പരിശീലനം ലഭിച്ച കമാൻഡോകളും സൈനികരുമാണ് സംഘത്തിലുള്ളത്. ഗൈഡുകളായി വനംവകുപ്പ് ജീവനക്കാരും ഇവർക്കൊപ്പമുണ്ട്. തിരുവനന്തപുരം പാങ്ങോട് ക്യാമ്പിലെ ലെഫ്. കേണൽ ഋഷി രാധാകൃഷ്ണൻ ദൗത്യത്തിന് നേതൃത്വം നൽകും.ഉരുൾപൊട്ടി വെള്ളമൊഴുകിയ വഴിയിലൂടെയാണ് പരിശോധന നടത്തുക. സൂചിപ്പാറയിലെ സൺറൈസ് വാലിയിലും ചാലിയാറിന്റെ തീരങ്ങളിലുമാണ് പ്രധാനമായും തിരച്ചിൽ. ആറുപേർ വീതമുള്ള രണ്ട് സംഘമായി തിരിഞ്ഞാണ് ഈ മേഖലകളിലെ പരിശോധന. രണ്ട് വനംവകുപ്പ് ജീവനക്കാരും നാല് സൈനികരും അടങ്ങുന്ന ആദ്യ സംഘമാണ് ഹെലികോപ്റ്ററിൽ ഇപ്പോൾ പുറപ്പെട്ടിരിക്കുന്നത്. ഇവരെ എയർഡ്രോപ് ചെയ്ത ശേഷം തിരികെ എത്തിയാവും നാല് കമാൻഡോകളും രണ്ട് സൈനികരുമടങ്ങുന്ന രണ്ടാമത്തെ സംഘവുമായി യാത്രതിരിക്കുക.അതേസമയം, നിലമ്പൂരിലെ പോത്തുകല്ല് മുണ്ടേരി ഭാഗത്തുനിന്ന് രണ്ടു ശരീര ഭാഗങ്ങൾ ചൊവ്വാഴ്ച കണ്ടെത്തി. ദുരന്തത്തിൽ ഇതുവരെ 402 പേർ മരിച്ചെന്നാണ് ഒനൗദ്യോഗിക കണക്ക്. 227 മരണങ്ങളാണ് ഔദ്യോഗികമായി സ്ഥിരീകരിച്ചത്.
കേരളത്തിൽ എയിംസ് പരിഗണനയിലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി
ന്യൂഡൽഹി: കേരളത്തിൽ എയിംസ് പരിഗണനയിലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ജെ.പി. നഡ്ഡ. സംസ്ഥാനങ്ങൾക്ക് ഘട്ടം ഘട്ടമായി എയിംസ് നൽകിവരുന്നുണ്ടെന്നും കേന്ദ്ര മന്ത്രി രാജ്യസഭയിൽ വ്യക്തമാക്കി