ഡ്രാഗൺ ഫ്രൂട്ട് കൃഷി മഹിമയുമായി ഒരാൾ...
കർഷകരോട് അന്വേഷിച്ചറിഞ്ഞും കൃഷി ചെയ്യുന്ന ഇടങ്ങൾ സന്ദർശിച്ചും രണ്ട് വർഷങ്ങൾക്ക് മുമ്പ് കൂടെ കൂട്ടിയ ഡ്രാഗൺ ഫ്രൂട്ട് കൃഷി വിജയഭേരി മുഴക്കി മുന്നോട്ട് കുതിക്കുന്നതിന്റെ രഹസ്യം കോയക്കുട്ടി ഹാജിയുടെ അർപ്പണ സന്നദ്ധതയുടെത് കൂടിയാണ്.
ചെറുപ്പം മുതൽ തന്നെ കൃഷിയോട് കൂട്ട് കൂടിയ, കോഴിക്കോട് മുക്കത്തിനടുത്ത വെസ്റ്റ് കൊടിയത്തൂരിലെ കോയക്കുട്ടി ഹാജി ഇത് വരെ നിരവധി കൃഷികൾ ചെയ്ത് നോക്കിയിട്ടുണ്ട്. അത് കൊണ്ട് തന്നെ ഇക്കാലത്തിനിടയിലെ ശ്രമങ്ങളിൽ പലതും വിജയം കണ്ടതും അമ്പേ പരാജയമായതും ഏറെയുണ്ട്. കൈതച്ചക്ക കൃഷിയും വാനില കൃഷിയും വലിയ നിരാശ നൽകിയെങ്കിലും മനസ്സിനെ തളർത്താനോ കൃഷി ഉപേക്ഷിക്കാനോ കൃഷിയോടുള്ള ആഭിമുഖ്യം കാരണം കോയക്കുട്ടി തയ്യാറായില്ല.
പുതിയ വിളകളെയും കൃഷിരീതികളെയും കുറിച്ച് പഠിക്കാനും അത് സ്വന്തം കൃഷിയിടത്തിൽ പ്രാവർത്തികമാക്കാനും എഴുപത്തി മൂന്നാമത്തെ വയസ്സിലും അദ്ദേഹം ശ്രമിച്ചു കൊണ്ടിരുന്നു. അങ്ങനെയാണ് ഡ്രാഗൺ ഫ്രൂട്ടിനോട് കൂട്ട് കൂടാനുറച്ച് അദ്ദേഹം ഒരുങ്ങിയിറങ്ങിയത്.
കർഷകരോട് അന്വേഷിച്ചറിഞ്ഞും, കൃഷി ചെയ്യുന്ന ഇടങ്ങൾ സന്ദർശിച്ചും രണ്ട് വർഷങ്ങൾക്ക് മുമ്പ് അദ്ദേഹം കൂടെ കൂട്ടിയ ഡ്രാഗൺ ഫ്രൂട്ട് കൃഷി വിജയഭേരി മുഴക്കി മുന്നോട്ട് കുതിക്കുന്നതിന്റെ സന്തോഷം കോയക്കുട്ടിയുടെ മുഖത്ത് തെളിഞ്ഞിരിപ്പുണ്ട്. ഒരേക്കറോളം വരുന്ന കൃഷിയിടത്തിൽ ഇന്ന് അറുനൂറോളം ഡ്രാഗൺ ഫ്രൂട്ട് തൈകൾ ഇവിടെ ഉണ്ട്. പൂർണമായും ജൈവ വളം ഉപയോഗിച്ചാണ് കോയക്കുട്ടിയുടെ ഡ്രാഗൺ കൃഷി എന്നതാണ് ഏറ്റവും വലിയ സവിശേഷത.
കേവലമൊരു പഴം എന്നതിലപ്പുറം, ഡ്രാഗൺ ഫ്രൂട്ടിന്റെ ഔഷധ ഗുണങ്ങൾ കൂടിയാണ് കോയക്കുട്ടിയെ ഈ ഒരു കൃഷിയിലേക്ക് എത്തിച്ചത്. ധാതു സമ്പത്തിന്റെ പവർ ഹൗസ് ആണ് ഡ്രാഗൺ ഫ്രൂട്ട്. ആന്റി ഓക്സിൻഡന്റുകൾ, വിറ്റാമിന് സി, പൊട്ടാസ്യം, മഗ്നീഷ്യം, ഇരുമ്പ് എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട് ഈ സുന്ദരൻ പഴത്തിൽ. അതിനാൽ തന്നെ എല്ലിന്റെ ആരോഗ്യത്തിന് ഈ പഴം ഏറെ നല്ലതാണ്.
കഴിഞ്ഞില്ല, രക്ത സമ്മർദത്തെ നിയന്ത്രിക്കാനും കൊളസ്‌ട്രോൾ കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും ഡ്രാഗൺ ഫ്രൂട്ട് സഹായിക്കും. ഡ്രാഗൺ ഫ്രൂട്ടിലടങ്ങിയ വിറ്റാമിൻ സി രോഗപ്രതിരോധ ശേഷി വർധിപ്പിക്കും. പ്രമേഹ രോഗികൾക്കും ഡ്രാഗൺ ഫ്രൂട്ട് കഴിക്കാം. ഇതിലെ ഫൈബർ രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാൻ സഹായിക്കും. ഫൈബർ അടങ്ങിയതിനാൽ വണ്ണം കുറയാൻ ഡയറ്റ് ചെയ്യുന്നവർക്ക് ഇത് കഴിക്കാം. ആന്റി ഓക്സിഡന്റുകളും വിറ്റാമിൻ സിയും ഇതിൽ ഉള്ളതിനാൽ ചർമത്തിന്റെ ആരോഗ്യത്തിനു ഇത് ഉത്തമമാണ്. ദഹനത്തെ സഹായിക്കാനും ഡ്രാഗൺ ഫ്രൂട്ടിന് സാധിക്കും. ഇത്രയും ഗുണങ്ങളടങ്ങിയ ഡ്രാഗൺ ഫ്രൂട്ട് കൃഷിയിൽ അർപ്പണം ചെയ്ത് , വിജയം കൊയ്ത് പുതിയ കൃഷി ചിന്തയുമായി മുന്നേറുകയാണ് ഈ പ്രായത്തിലും കോയക്കുട്ടി ഹാജി"